Wednesday, February 25, 2009

ഹായ് ഓസ്കാര്‍

ഒരു പോസ്റ്റ് ഇട്ടിട്ടു കുറെ ദിവസമായി , അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ രണ്ടു പിള്ളേര്‍ ഒസ്കാരും മേടിച്ചോണ്ട് വരുന്നതു കണ്ടത്.. സന്തോഷമായി. എ.ആര്‍ റഹ്മാന്‍ ഇതിനേക്കാള്‍ നല്ല മ്യുസിക് ഇതിനു മുന്പ് ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്തായാലും ഒരു സന്തോഷം. ഇതു നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു കൊണ്ഫിടെന്‍സ് നല്‍കുമെന്നതില്‍ തര്‍ക്കമില്ല.
JAI HO.....

Wednesday, December 10, 2008

ഇനി ഇറങ്ങാം സഖാവെ ...

മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തില്‍ കെ. സുരേഷ് കുമാര്‍ IAS നെ സസ്പെന്ഡ് ചെയ്യാന്‍ തീരുമാനിച്ചത്രേ. ഇതിലൂടെ നല്ല ഒരു സന്ദേശം ആണ് ഉദ്യോഗസ്ഥ വൃന്ദത്തിന് മന്ത്രി സഭയും പാര്‍ട്ടിയും നല്‍കിയത് . പാര്‍ട്ടി ( കള്ളപ്പണ , ഭൂമാഫിയ ) താല്പര്യങ്ങേല്‍ക്കെതിരായ് , അതായത് പൊതുജന പക്ഷത്തു പ്രവര്‍ത്തിക്കാന്‍ ആരെന്ഗിലും ആലോചിക്കുന്നുന്ടെങ്ങില്‍ അതങ്ങ് മാറ്റിവചെക്കു .. മുഖ്യമന്ത്രിക്കുപോലും നിങ്ങളെ രക്ഷിക്കാനകില്ല .

ഇവിടെയാണ്‌ ക.കരുണാകരനും , വി. എസും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം കാണുന്നത്. വി. എസ് ഇന്റെ സ്ഥാനത്ത് കരുനാകരനായിരുന്നെങ്ങില്‍ സുരേഷ് കുമാറിനെ തൊടാന്‍ ആരെന്ഗിലും ധൈര്യപ്പെടുമായിരുന്നോ ..

തന്റെ നിര്‍ദേശങ്ങള്‍ ക്കനുസരിച്ച് നടപടികളെടുത്ത ഒരു ഉദ്യോഗസ്ഥനെ (അത് തെറ്റോ ശരിയോ ആയ്ക്കോട്ടേ ) സംരക്ഷിക്കുക എന്നുള്ളത് ഏതൊരു ഭരണാധികാരിയുടെയും പ്രഥമ ലക്ഷ്യമായിരിക്കണം . ആ നടപടികളിലെ തെറ്റും ശരിയും സ്വയം ഏറ്റെടുക്കണം .

മതി വി. എസ് , ഇനി അങ്ങേക്കിറങ്ങാം. അത് മാത്രമെ പൊതുജനങ്ങള്‍ക്കായി ചെയ്യാനുള്ളൂ. പാര്‍ടി പുറന്തള്ളിയപ്പോഴുംഅങ്ങേക്കുവേണ്ടി രംഗത്തിറങ്ങിയത് പൊതുജനമാണ് , അതുകൊണ്ട് അങ്ങേക്ക് ഉത്തരവാദിത്യവും ജനത്തോടെ ഉള്ളു .

ഒരുപക്ഷെ മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ച ആദ്യകാലത്ത് അത് ലഭിച്ചിരുന്നെങ്ങില്‍ വി.എസിന് പലതും ചെയ്യാന്‍ കഴിഞ്ഞേനെ . ഇപ്പോള്‍ കാലം മാറി , പാര്‍ട്ടി മാറി (വളര മാറി ).

Wednesday, December 3, 2008

വി എസും ഫോക്സ് ന്യൂസും

എന്തിലും ഒരു വിവാദത്തിനു സാധ്യത കണ്ടെത്തി യഥാര്‍ത്ഥ പ്രശ്നം ചര്ച്ചചെയ്യപെടാതെ പോവുന്ന സവിശേഷത നാം മുംബൈ ആക്രമണത്തിന്റെ കാര്യത്തിലും വിട്ടില്ല. ഭീകരരോട് ഏററുമുട്ടി മുട്ടി വീര മൃത്യു വരിച്ച മലയാളി ആയ മേജര്‍ സന്ദീപിന്റെ വീട്ടില്‍ കേരള സര്‍ക്കാര്‍ പ്രധിനിതികള്‍ സന്ദര്‍ശനം നടത്താതിരുന്നതും വിവാദമായി . കൂടാതെ മുഖ്യമന്ത്രി വി എസ് നടത്തിയ പരാമര്‍ശവും .

കേരള മുഖ്യമന്ത്രി ആര് തന്നെ ആയിരുന്നാലും അദ്ദേഹം കേരളത്തിലെ 3 കോടി ജനങ്ങളുടെ പ്രധിനിതിയാണ്. 3 കോടി ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ പല രാജ്യങ്ങളിലെ ജനസന്ഖൃയേക്കാള്‍് കൂടുതലാണ്. അദ്ദേഹം മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു പെട്ടെന്ന് ബാംഗളൂരില്‍ പോകണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. കര്‍ണാടക മുഖ്യമന്ത്രിക്ക്‌ ബാംഗളൂരില്‍ നിന്നു അര മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ മതി, എന്നിട്ടും വി എസ് വരാം എന്ന് അറിയിച്ചിരുന്നതാണ്. അദ്ദേഹം പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും ചെയ്തതാണ്. പിന്നെ ഈ അനാവശ്യമായ വിവാദം ആര് കുത്തിപൊക്കി. ആരുടെ ആവശ്യമായിരുന്നു ഇത്‌.

അനാവശ്യമായ ഈ വിവാദം വയോധികനായ അദ്ധേഹവും അവിവേകത്തോടെ നേരിട്ടതാണ് കുഴപ്പമായത് . സംഭവം അറിഞ്ഞ ഉടനെ തന്നെ താന്‍ പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും സംസ്ഥാന സര്ക്കാരിന്റെ അനുശോചനം അറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സന്ദീപിന്റെ വീട്ടില്‍ വിളിച്ചു താനും ആഭ്യന്തര മന്ത്രിയും എത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മരണം നടന്നു മൂന്നു ദിവസം കഴിന്നെത്തിയ മുഖ്യമന്ത്രിയോടും കൂട്ടരോടും സന്ദീപിന്റെ പിതാവ് രോഷാകുലനായി . ഇതു രാഷ്ട്രീയക്കാര്‍ക്ക് ചേര്‍ന്ന രീതിയില്‍ വി എസും , കോടിയേരിയും അക്ഷോഭ്യരായി നേരിടുകയും ചെയ്തു . പ്രശ്നം അവിടെ കഴിയേണ്ടതാണ്. hysterical ദേശീയത പ്രചരിപ്പിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ക്ക് പക്ഷെ ഇതൊന്നും മതിയായില്ല. മനോരമ ന്യൂസും , പത്രവും 9/11 നു ശേഷമുള്ള ഫോക്സ് ചാനല്‍ പോലെയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. അതുണ്ടാക്കുന്ന സാമുഹ്യ പ്രശ്നങ്ങളെ കുറിച്ചു ഒരു ഉത്ഘണ്ടയും ചാനല്‍ മുതലാളിമാര്‍ക്ക് ഇല്ല എന്ന് തോന്നുന്നു.

വിവേകത്തിന്റെ സ്വരം എവിടെയും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തിലെ സുരക്ഷാ പിഴവിനെക്കാള്‍ വി എസിന്റെ പരാമര്‍ശം ആണ് വിവാദമായത് . അല്ലെങ്കില്‍ ആക്കിയത് . താരതമ്യേന രാക്ഷ്ട്രീയ അവബോധമുണ്ടായിരുന്ന കേരള ജനതെയെ പോലും, ഒരു developed consumer society യിലെ ജനങ്ങളെ പോലെ അല്ലെങ്ങില്‍ അതിനെക്കാള്‍ എളുപ്പതോടെ ഭരണകൂടങ്ങള്‍ക്കും , corporate മാധ്യമങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് ഒരു ഭീതിയോടെ മാത്രമെ ഉള്‍കൊള്ളാന്‍ കഴിയുന്നുള്ളൂ.

Monday, November 24, 2008

മൈക്കില്‍ മൂറും ശ്രീമതി ടീച്ചറും


പ്രസിദ്ധ ആക്ടിവിസ്റ്റും സംവിധായകനും ആയ മൈക്കിള്‍ മൂറിന്റെ, അമേരിക്കന്‍ ഹെല്‍ത്ത്‌ കെയര്‍ സംവിധാനത്തെ വിമര്‍ശിക്കുന്ന 'സീക്കോ'എന്ന ഡൊക്യുമെന്ടരിയില്‍് അദ്ദേഹം ഒരു കൂട്ടം രോഗ ബാധിതരായ അമേരിക്കന്‍ പൌരന്മാരെയും കൊണ്ടു ക്യൂബയില്‍ ചികിത്സ തേടി പോകുന്നുണ്ട്, ഇവരില്‍ പലരും സെപ്റ്റംബര്‍ 11 രക്ഷ ദൌത്യവുമായി ബന്ധപ്പെട്ടു രോഗബാധിതരാണ്, തങ്ങളുടെ വരുമാനത്തിന്റെ ഭീമമായ പങ്കും ചികില്‍സക്ക് ചിലവഴിക്കുന്ന സാധാരണക്കാര്‍ . താന്‍ 120 ഡോളര്‍ കൊടുത്തു ആഴ്ചതോറും വാങ്ങുന്ന ഒരു മരുന്നിനു വെറും 80 മൈല്‍ അകലെയുള്ള ക്യൂബയില്‍ 5 സെന്റ് മാത്രമെ വില ഉള്ളു എന്നറിയുമ്പോള്‍ ഒരു സ്ത്രീ പൊട്ടികരയുന്ന ഒരു രംഗം ഉണ്ട്. വികസിത രാജ്യങ്ങളില്‍ സര്‍ക്കാര്‍ സഹായമില്ലാത്ത ആരോഗ്യമേഖല അമേരിക്കയില്‍ മാത്രമെ ഉള്ളു. മെഡിക്കല്‍ കമ്പനികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം അദ്ദേഹം തുറന്നു കാണിക്കുന്നുണ്ട്. ഇതെല്ലാം ഇപ്പോള്‍ ഒര്‍ക്കാന്‍ കാരണം കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തെ കുറിച്ചു വായിച്ചപ്പോള്‍ ആണ്.

മുന്പ് എന്റെ അകന്ന ബന്ധുവായ ഒരു സ്ത്രീ ഗുരുതരമായ രോഗം ബാധിച്ചു ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികില്‍സക്കായി പോയത് ഞാന്‍ ഓര്‍ക്കുന്നു. ചികിത്സ കഴിഞ്ഞപ്പോള്‍ മൊത്തം ബില്‍ 6 ലക്ഷം രൂപ ആയി എന്ന് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി . പണക്കാരായ അവര്‍ക്ക് ആ തുക പ്രാപ്യമായിരുന്നു. പക്ഷെ ലോവര്‍ മിഡില്‍ ക്ലാസുകാരായ എന്റെ കുടുംബത്തില്‍ ആര്ക്കെന്ഗിലുമായിരുന്നു ഈ അസുഖം വന്നിരുന്നതെന്കില് എന്തുചെയ്യുമായിരുന്നു എന്നോര്‍ത്ത് ഞാന്‍ ഭയപ്പെട്ടിരുന്നു. ചികിത്സ സഹായം തേടിക്കൊണ്ടുള്ള പത്ര പരസ്യങ്ങള്‍ കാണുമ്പോഴൊക്കെ ഞാന്‍ ഇതോര്‍ക്കാറുണ്ട്. ഇതെല്ലാം കൊണ്ടായിരിക്കാം ആദ്യ ജോലികിട്ടിയപ്പോള്‍ ചെറിയ തുകക്കയിരുന്നെന്കിലും മാതാപിതാക്കള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് ജോലി കിട്ടിയതിനേക്കാള്‍ സന്തോഷമായിരുന്നു. വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ആരോഗ്യമേഖല , കുറഞ്ഞ ശിശു മരണ നിരക്ക് എന്നൊക്കെ നാം വീമ്പടിക്കുമെങ്കിലും നമ്മുടെ ആരോഗ്യമേഖലയുടെ സ്ഥിതി dengue പനി നാടോട്ടും വന്നപ്പോള്‍ മനസ്സിലായതാണ്. ലോകത്തുള്ള ഒരുമാതിരി വെല്‍ ഫെയര്‍ രാജ്യങ്ങളിലെല്ലാം ആരോഗ്യ രക്ഷ എല്ലാ പൌരന്മാര്‍ക്കും സൌജന്യമാനെന്കിലും ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ നമുക്ക് അത് സ്വാതന്ത്ര്യത്തിനു ശേഷം അര നൂറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല . മൂന്നര കോടി വരുന്ന ജനത്തിന് ഏതാനും ആയിരങ്ങള്‍ മാത്രം വരുന്ന കിടക്കകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മാത്രമെ കേരളത്തില്‍ ഉള്ളു. ഈ ആഗോള വല്‍ക്കരണത്തിന്റെ കാലത്തു ഇനി ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്ന്‌ കരുതാന്‍ വയ്യ. സ്വകാര്യമേഖലയിലെ ബ്ലേഡ് ആശുപത്രികളെ സമീപിക്കാന്‍ ശേഷിയില്ലാത്ത നമ്മളെ പോലെയുള്ള ബഹു ഭൂരിപക്ഷം വരുന്ന സാധാരണകാരെ സഹായിക്കുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് സുരക്ഷ പദ്ധതിയെങ്ങിലും തുടങ്ങാന്‍ നമ്മുടെ സര്‍ക്കാര്‍ ബാധ്യസ്തമല്ലേ ? കഴിഞ്ഞ കൊണ്ഗ്രെസ്സ് സര്‍കാരിന്റെ കാലത്തു ഐ സി ഐ സി ഐ ഇന്‍ഷുറന്‍സ് കമ്പനി യുമായി സഹകരിച്ചു എല്ലാ ജനങ്ങളെയും ഉള്‍പെടുത്തി ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം കൊടുത്തിരുന്നു. ഐ സി ഐ സി ഐ ഒരു സ്വകാര്യ മേഖലയിലെ കമ്പനി ആയതിനാല്‍ ഇടതു പക്ഷം സ്വാഭാവികമായും അതെര്‍ത്തു, അതി വേഗം ബഹുദൂരം പോയിക്കൊണ്ടിരുന്ന മന്ത്രി സഭക്ക് അത് നടപ്പിലാക്കാന്‍ സൌകര്യപെട്ടതുമില്ല. ഇപ്പോള്‍ അതെ പദ്ധതി തന്നെ ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുകയാണത്രേ. ഐ സി ഐ സി ക്ക് പകരം പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനി ആണെന്ന് മാത്രം . പക്ഷെ പദ്ധതിയില്‍ കാതലായ മാറ്റമുണ്ട്. ദാരിദ്യ മേഖലക്ക്‌ താഴയുള്ളവര്‍ക്ക് മാത്രമെ ഇതില്‍ കവര്‍ ചെയ്യപെടുകയുള്ളു, അതും 3o.ooo രൂപയ്ക്കു മാത്രം , നലത് . ഒന്നും ഇല്ലാതതിനെക്കാള്‍ നല്ലതല്ലേ , പക്ഷെ ബാക്കി വരുന്ന ജനഭൂരിപക്ഷത്തെ സ്വകാര്യ ബ്ലേഡ് ആശുപത്രി മുതലാളി മാര്‍ക്കായി വിട്ടു കൊടുക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്. ഈ ആവശ്യത്തിനായി ഒരു നികുതി ഈടാക്കിയാല്‍ പോലും എല്ലാവരും സസന്തോഷം തരും എന്നുള്ളത് ഉറപ്പാണ്‌. ഒരസുഖം വന്നാല്‍ ആശുപത്രി ബില്ലിനെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ അസുഖത്തെ കുറിച്ചു മാത്രം ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യമല്ലേ . ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ ഓടിനടക്കുന്ന നമുക്ക് ഒരു അസുഖം വന്നാല്‍ അല്ലെങ്കില്‍ നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക്‌ അല്പം ഗുരുതരമായ ഒരസുഖം വന്നാല്‍ നമ്മുടെ ജീവിതം തന്നെ മാറുന്ന ഒരു സാഹചര്യമാനിപ്പോഴുല്ലത് ( ആര്‍ക്കും അങ്ങനെ വരാതിരിക്കാന്‍ ദൈവം തുണക്കട്ടെ ). ഈ കാര്യതിലെങ്കിലും നമ്മെ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്തേ മതിയാകു. ഈ പദ്ധതിയുടെ ലാഭം സ്വകാര്യ മേഖലയിലോ പൊതു മേഖലയിലോ ആര്‍ക്കുവേണമെങ്കിലും ആയിക്കോട്ടെ . നമുക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള ഒരവസരം ഉണ്ടായാല്‍ മതി. നമുക്കാര്‍ക്കും ശ്രീമതി ടീച്ചറുടെ മരുമകളെ പോലെ മന്ത്രിയുടെ പ്രൈവറ്റ് സ്ടാഫ്ഫില്‍ ജോലിയോ , അല്ലെങ്ങില്‍ നാട്ടിലെ മറ്റു റിയല്‍ എസ്റ്റേറ്റ്‌ ഭൂമാഫിയകളെ പോലെ പെട്ടി നിറച്ചു പണമോ ഇല്ല. ഈ കക്ഷികളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു കൊടുത്തതിനു ശേഷമെന്കിലും സര്‍ക്കാര്‍ നമ്മുടെ കാര്യം പരിഗണിക്കുമെന്ന് കരുതാം.

Saturday, November 8, 2008

മുകുന്ദന്റെ വിലാപം

വി.എസ് ഈ കാലഘട്ടത്തിന്റെ നേതാവല്ലെന്നും , പിണറായി സര്‍ ആണ് അതിന് യോഗ്യനെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് എം . മുകുന്ദന്‍ വിളംബരം ചെയ്തിരിക്കുന്നു. ദിനോസറുകളുടെ കാലത്തിലുടെ തന്നില്‍ നിന്നു ഇനി ഏത് പ്രതീക്ഷിക്കാം എന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു,
വി.എസോ അതോ പിണറായിയോ ആരാണ് നല്ല നേതാവെന്ന വിഷയം നമുക്ക് വിടാം , സംസ്ഥാന ഗവെര്‍മെന്റിന്റെ കീഴിലുള്ള ഒരു സമിതി പ്രസിഡന്റ് ആയിരിക്കെ ഇങ്ങനെ ഒരു പ്രത്യക്ഷ വിധേയത്വം , അത് എന്തിന്റെ പേരിലായാലും പ്രകടിപ്പിക്കാന്‍ പാടുണ്ടോ . ഒരു വിധ ഔദ്യോഗിക പദവികളും ഇല്ലാതെ ആയിരുന്നു അദ്ദേഹം പരഞിരുന്നതെന്ഗില് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു .

മയ്യഴിയില്‍ ഫ്രാന്‍സില്‍ നിന്നുള്ള കൊളോണിയല്‍ മസ്റെര്മാരോട് തുടങ്ങിയ ഒരു വിധേയത്വം ആണ്, കാര്യമാക്കാനില്ല , എഴുത്തില്‍ മുഴുവന്‍ അത് കാണാനുണ്ടായിരുന്നു . ഫ്രെഞ്ചുകാരുടെ സാംസ്കാരിക ഔന്നത്യവും കലാകാരന്മാരോടുള്ള ബഹുമാനവും പ്രഘോഷിച്ചു നടന്നു,പോണ്ടിച്ചേരി ബ്രിട്ടീഷ് ഇന്ത്യാ സാമ്രാജ്യതിനുള്ളിലെ ഒരു തുരുത്ത് മാത്രമായിരുന്നതിനാല്‍ ഫ്രെഞ്ചുകാര്‍ തനിസ്വഭാവം കാട്ടാന്‍ മുതിര്‍ന്നിരുന്നില്ല . മുകുന്ദന്‍ സാറിന് ഫ്രാന്‍സ് അല്ജ്യെര്സിലും മറ്റു ആഫ്രിക്കന്‍ കോളനികളിലും കാട്ടികൂട്ടിയ കൂട്ടക്കൊലകളെ പറ്റി പഠിക്കാന്‍ അധികം സമയം കിട്ടിയതുമില്ല. കേരള ഫ്രാന്‍സ് സാംസ്കാരിക അംബാസിഡര്‍ ആയി സ്വയം അവരോധിച്ചു , ഫ്രഞ്ച്‌ എംബസിയില്‍ ഉദ്യോഗം , ഫ്രഞ്ച്‌ സര്ക്കാരിന്റെ ബഹുമതികള്‍ , ജീവിതം പരമ സുഖം,

ഫ്രഞ്ച്‌ എംബസ്സിയില്‍ നിന്നു പെന്‍ഷന്‍ ആയി എന്ന് തോന്നുന്നു. എങ്കില്‍ ഇനി ശിഷ്ട കാലം നാട്ടില്‍ കഴിയാമെന്നു കരുതി , ഫ്രാന്കിന്റെ മൂല്യം രൂപയുടെതിനെക്കാള്‍ വളരെ അധികമായിരുന്നതിനാല്‍ ഇതു വരെ അതിനെ പറ്റി ആലോചിച്ചിരുന്നില്ല . പക്ഷെ നമുക്കൊക്കെ വെറുതെ ഇരിക്കാന്‍ പറ്റുമോ, ദാസ് കാപ്പിറ്റലും സാഹിത്യവും അവിയല്‍ പരുവത്തില്‍ അകതാക്കികൊണ്ടിരിക്കുന്ന പു.ക.സ കാരുടെയും സാഹിത്യകാരുടെയും നാടാണ്, ശരി നടുക്കണ്ടം തന്നെ തിന്നാം, സാംസ്കാരിക മന്ത്രിയുമായുള്ള സൌഹൃദവും തുണയായി, സാഹിത്യ അക്കാദമി പ്രസിഡന്റ് കസേര കയ്യില്‍ എത്തി. ക്ഷമിക്കണം, എല്ലാം ഉദരപൂരണം . ഇനി ഇപ്പോല്‍ പുതിയ മാസ്റ്റര്‍ മാരെ സേവിക്കാം, പത്മനാഭനെ പോലുള്ള ചില അസൂയക്കരുണ്ടാവും, കാര്യമാക്കാനില്ല .
വിധേയത്വ ദിനോസരുകളിലൂടെ നടത്തി, ഇപ്പോള്‍ കാര്യം തെളിച്ചു പറഞ്ഞു എന്നെ ഉള്ളു.

Monday, November 3, 2008

തെങ്ങിന്‍ മണ്ടയിലെ ഒബാമ

ഭൂഗോളത്തിന്റെ മറ്റേ അറ്റത്ത്‌ കിടക്കുന്ന സ്ഥലമാനെന്കിലും അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍ നമ്മള്‍ മലയാളികള്‍ വളരെ താല്പര്യ പൂര്‍വ്വം ഉറ്റു നോക്കികൊണ്ടിരിക്കുകയാണ് . CIA എജെന്ട് , അമേരിക്കന്‍ സാമ്രാജ്യത്ത മൂരാച്ചി എന്നൊക്കെ ചെറുപ്പം മുതലേ കേള്‍ക്കുന്നത് കൊണ്ടു നമുക്കൊക്കെ അമേരിക്കന്‍ വിശേഷങ്ങള്‍ അറിയാന്‍ ഒരു പ്രത്യേക താല്പര്യമാണ് .

നമ്മുടെ ആഭ്യന്തര മന്ത്രി പത്നീ സമേതനായി അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് . വ്യവസായ മന്ത്രിയും ഉടന്‍ അവിടെ എത്തുമത്രേ. ലക്‍ഷ്യം വളരെ പഴയത് തന്നെ . നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കല്‍ .
പറ്റിയ സമയം തന്നെ, അമേരിക്കയില്‍ ആര് നിക്ഷേപിക്കും എന്നറിയാന്‍ അവിടത്തെ ധനമന്ത്രിയും പരിവാരങ്ങളും ഓടി നടക്കുകയാ..

കാലാകാലങ്ങളിലായി ഇവരൊക്കെ മുറക്ക് വിദേശ പര്യടനം നടത്തി കൊണ്ടു വന്ന വ്യവസായങ്ങളൊക്കെ
എവിടെയാണാവോ ഈശ്വരാ !! മന്ത്രി പറഞ്നത് പോലെ തെങ്ങിന്റെ മണ്ടയിലോ മറ്റോ ആണോ.. അല്ല , അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്ങില്‍ നമുക്കൊക്കെ നാട്ടില്‍ വന്നു പണി എടുക്കാമായിരുന്നു . രാവിലെ സ്വന്തം വീട്ടില്‍ നിന്നിറങ്ങി ജോലിക്ക് പോകാമായിരുന്നു ..

ഇനിയിപ്പൊ ലോക സഭ ഇലക്ഷന്‍ ഒക്കെ അടുത്ത വരികയല്ലേ , ഒബാമയുടെ പ്രചാരണ തന്ത്രങ്ങള്‍ നേരിട്ടു വീക്ഷിച്ചു പഠിക്കുകയാണോ ഉദ്ദേശം .. പറയാന്‍ പറ്റില്ല. ഇനിയിപ്പൊ ഇവരെല്ലാം അമേരിക്കന്‍ ഇലക്ഷനില്‍ വോട്ടുചെയ്യനാണോ പോയത് . ദൈവത്തിനറിയാം ..

എന്തായാലും പച്ച മലയാളത്തില്‍ പറഞാല്‍ ഇതൊക്കെ ' Taxpayer's money ' അല്ലെ ചേട്ടാ , ഇവന്ടെയോന്നും കുടുംബത്തീന്നു കൊണ്ടുവന്നതല്ലല്ലോ .

Friday, October 31, 2008

ഇ-മെയില്‍ ഭീഷണി , എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍

സോണിയ ഗാന്ധിയെ വധിക്കുമെന്നും സ്ഫോടനം നടത്തുമെന്നും ഭീഷണിപെടുത്തി ഇ മെയില്‍ അയച്ച കണ്ണന്‍ എന്ന അരുണ്‍ സുര്യ പോലീസ് പിടിയില്‍ ആയി. ഇന്നത്തെ മനോരമ ഓണ്‍ലൈന്‍ ന്യൂസ് .



അയല്‍പക്കത്തെ പെണ്‍കുട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ ആ കുട്ടിയോട് സമാനമായ പേരും വിലാസവും ഉപയോഗിച്ചു മെയില്‍ ഐഡി ഉണ്ടാക്കി രാഷ്ട്രപതിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും മെയില്‍ അയക്കുകയായിരുന്നത്രേ കക്ഷി .



പോലീസിന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടിയോടുള്ള വിരോധം തീര്‍ക്കുക എന്നല്ലാതെ മറ്റു ദുരുധേശ്യങ്ങലോന്നും ഒന്നും ടി കക്ഷിക്കിലത്രേ. നല്ലത്. എന്നാലും മുസ്ലിം പേരുള്ള മെയില്‍ ഐഡി ഉപയോഗിച്ചാല്‍ മെയിലിനു കിട്ടുന്ന മൈലേജ് അറിയാത്ത പാവമല്ല മിസ്റ്റര്‍ അരുണ്‍ സുര്യ . ടിയാന്‍ ഒരു മുസ്ലിം പയ്യന്‍ അല്ലാത്തതിനാല്‍ ഈ വിഷയം ഇന്നോടെ മാധ്യമങ്ങളില്‍ നിന്നു അപ്രത്യക്ഷമാകും. എന്നാലും പറഞ്ഞു പോവുകയാ . ഇത്തരം തെമ്മാടിത്തരത്തിനു നല്ല പെട കൊടുക്കേണ്ടേ? പ്രത്യേകിച്ച് ഒറിജിനല്‍ തീവ്രവാദികളെ തന്നെ അന്വേഷിച്ചു പിടിക്കാന്‍ പോലീസ് പെടാപാട് പെടുമ്പോള്‍.